നായനാരുടെ ജീവിതം -
ഒരു അനുസ്മരണം
കമ്മ്യൂണിസ്റ്റ് നേതാവായ ഏറമ്പാല കൃഷ്ണന്‍ നായനാര്‍ 1919 ഡിസംബര്‍ ഒമ്പതിന് കണ്ണൂര്‍ ജില്ലയിലെ കല്യാശേരിയില്‍ ജനിച്ചു. 1939 ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനായി.
1987 മാര്‍ച്ച് ഏഴു മുതല്‍ 1991 ജൂണ്‍ വരെ നായനാര്‍ രണ്ടാം തവണ കേരളം ഭരിച്ചു.
1996 മെയ് മുതല്‍ 2001 മെയ് വരെ മൂന്നാം തവണ മുഖ്യമന്ത്രിയായി. മുന്‍
മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ കരുണാകരന്റെ റിക്കാര്‍ഡാണ് കേരളത്തിന്റെ
മുഖ്യമന്ത്രിപദത്തിലിരുന്നു കൊണ്ട് നായനാര്‍ തകര്‍ത്തത്.
കര്‍ഷക-വ്യവസായ തൊഴിലാളികളെ സംഘടിപ്പിച്ച് സമരത്തിനു നേതൃത്വം നല്‍കി പാര്‍ട്ടി
പ്രവര്‍ത്തനമാരംഭിച്ചു. ചരിത്രപ്രസിദ്ധമായ കയ്യൂര്‍, മൊറാഴ സമരങ്ങളില്‍ നായനാര്‍ സജീവമായി
പങ്കെടുത്തിരുന്നു, സമരത്തെ തുടര്‍ന്ന് ഒളിവില്‍ പാര്‍ത്ത നായനാരെ കണ്ടുപിട്ിച്ചു നല്‍കുന്നവര്‍ക്ക്
അന്നത്തെ ബ്രിട്ടീഷ് സര്‍ക്കാര്‍ ഇനാം പ്രഖ്യാപിച്ചിരുന്നു.
1940 ല്‍ ആറോണ്‍ മില്‍ തൊഴിലാളികളുടെ സമരത്തിന് നേതൃത്വം നല്‍കിയതിന്
അറസ്റ്റിലായി. അടിയന്തിരാവസ്ഥക്കാലത്തുള്‍പ്പെടെ 11 വര്‍ഷം ജയില്‍വാസമനുഭവിച്ചു.
കയ്യൂര്‍ സമരത്തില്‍ മൂന്നാം പ്രതിയായിരുന്നു. ഒളിവില്‍ പോയ നായനാര്‍
രക്ഷപ്പെട്ടു. മറ്റ് പ്രതികളെ 1943 മാര്‍ച്ച് 29ന് തൂക്കിക്കൊന്നു. ഒളിസങ്കേതം
തിരുവിതാംകൂറിലേക്ക് മാറ്റിയ ശേഷം നായനാര്‍ കേരള കൗമുദിയില്‍ പത്രപ്രവര്‍ത്തകനായിരുന്നു.
പാര്‍ട്ടി നിര്‍ദേശത്തെ തുടര്‍ന്ന് ആലപ്പുഴയിലേക്ക് പ്രവര്‍ത്തനം മാറ്റി.
സ്വാതന്ത്യ്രാനന്തരം നായനാര്‍ക്കെതിരായ കേസുകള്‍ പിന്‍വലിച്ചു. പിന്നീട് ദേശാഭിമാനിയില്‍
പത്രപ്രവര്‍ത്തകന്‍. കല്‍ക്കട്ട തീസീസിനെ തുടര്‍ന്ന് പാര്‍ട്ടി നിരോധിയ്ക്കപ്പെട്ട
1948ല്‍ വീണ്ടും ഒളിവില്‍ പോയി. ഇന്ത്യാ-ചൈനാ യുദ്ധകാലത്ത് ചൈനീസ് ചാരനെന്ന്
മുദ്രകുത്തി വീണ്ടും ജയില്‍വാസം.
1956ല്‍ കമ്മ്യൂണിസ്റ് പാര്‍ട്ടിയുടെ കണ്ണൂര്‍ ജില്ലാ സെക്രട്ടറി. കെ.പി.ആര്‍.
ഗോപാലന്റെ അനന്തരവളായ ശാരദയെ ജീവിതസഖിയാക്കിയത് 1958ല്‍. 1967ല്‍ പാലക്കാട്
നിന്നും ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പക്ഷെ ഒരിയ്ക്കല്‍ മാത്രം നായനാര്‍
തിരഞ്ഞെടുപ്പില്‍ തോല്‍വിയുടെ കയ്പറിഞ്ഞു. കാസര്‍കോട് മണ്ഡലത്തില്‍ കടന്നപ്പള്ളി
രാമചന്ദ്രനോടാണ് നായനാര്‍ തോറ്റത്. തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ശ്രദ്ധേയമായ
അട്ടിമറികളില്‍ ഒന്നാണിത്. 1972-80 ല്‍ സി പി ഐ(എം) കേന്ദ്ര കമ്മിറ്റി
അംഗമായിരുന്നു.
1972ല്‍ സിപിഎം സംസ്ഥാനസെക്രട്ടറിയായി. സി.എച്ച്. കണാരന്റെ
മരണത്തോടെയായിരുന്നു ഇത്.
1974 ല്‍ ഇരിക്കൂറില്‍ നിന്നും ജയിച്ച് ആദ്യമായി നിയമസഭയില്‍ എത്തി.
അടിയന്തരാവസ്ഥക്കാലത്ത് വീണ്ടും ഒളിവില്‍. 1980ല്‍ മലമ്പുഴയില്‍ നിന്ന് ജയിച്ച്
മുഖ്യമന്ത്രിയായി. എ.കെ. ആന്റണി നേതൃത്വം നല്കിയ കോണ്‍ഗ്രസ്, കെ.എം. മാണി നേതൃത്വം നല്കിയ കേരളാ കോണ്‍ഗ്രസ്
എന്നിവയുടെ സഹായത്തോടെയാണ് നായനാര്‍ മുഖ്യമന്ത്രിയായത്. പക്ഷെ ഈ മന്ത്രിസഭയിക്ക്
ആയുസ്സ് കുറവായിരുന്നു. 1980ല്‍ ജനവരി 25 മുതല്‍ 1981 ഒക്ടോബര്‍ 20 വരെ. നായനാര്‍
മന്ത്രിസഭയ്ക്ക് പിന്തുണ പിന്‍വലിച്ച് എ.കെ. ആന്റണിയും കെ.എം. മാണിയും കെ.
കരുണാകരനൊപ്പം ഐക്യജനാധിപത്യമുന്നണിയില്‍ പോയതായിരുന്നു സര്‍ക്കാര്‍ വീഴാന്‍
കാരണമായത്. തുടര്‍ന്ന് കെ. കരുണാകരന്റെ നേതൃത്വത്തില്‍ പുതിയ മന്ത്രിസഭ വന്നപ്പോള്‍
നായനാര്‍ പ്രതിപക്ഷ നേതാവായി. ആ സര്‍ക്കാരും നിലംപൊത്തിയപ്പോള്‍ 1982ല്‍ വീണ്ടും
തിരഞ്ഞെടുപ്പ്. നായനാര്‍ മലമ്പുഴയില്‍ നിന്നും വീണ്ടും ജയിച്ചു. വീണ്ടും
പ്രതിപക്ഷനേതാവായി.
തൃക്കരിപ്പൂരില്‍ നിന്നും വിജയിച്ച് 1987ല്‍ വീണ്ടും മുഖ്യമന്ത്രിയായി. 1991ല്‍
തൃക്കരിപ്പൂരില്‍ നിന്നും വീണ്ടും ജയിച്ചു. പക്ഷെ ഇക്കുറി
പ്രതിപക്ഷനേതാവാകാനായിരുന്നു നിയോഗം. 1996ല്‍ പാര്‍ട്ടി വീണ്ടും നായനാരെ
മുഖ്യമന്ത്രിയാക്കുമ്പോള്‍ അദ്ദേഹം നിയമസഭാംഗമായിരുന്നില്ല. തലശേരിയില്‍ നിന്നും
ഉപതിരഞ്ഞെടുപ്പിലൂടെ അദ്ദേഹം ജയിച്ചുകയറി. 2001ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍
മത്സരിയ്ക്കാതെ മാറിനിന്നു. പക്ഷെ കേരളാരാഷ്ട്രീയത്തില്‍
നിറഞ്ഞുനില്ക്കുകയായിരുന്നു നായനാര്‍. അവസാനനിമിഷം വരെ.
നായനാര്‍-ശാരദാ ദമ്പതികള്‍ക്ക്നാല് മക്കളാണ്. ഉഷ, സുധ, കൃഷ്ണകുമാര്‍, വിനോദ് എന്നിവര്‍.
രാഷ്ട്രീയപ്രവര്‍ത്തകനെന്നതിനൊപ്പം എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമാണ്
നായനാര്‍. സി പി എം മുഖപത്രമായ ദേശാഭിമാനിയുടെ ചീഫ് എഡിറ്ററായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചിരുന്നു.
മലയാളത്തിലും ഇംഗ്ലീഷിലുമായി 15 ഓളം പുസ്തകങ്ങളും നിരവധി ലേഖനങ്ങളും
നായനാരുടേതായുണ്ട്. ആത്മകഥയായ സമരത്തീച്ചൂളയില്‍, മൈ സ്ട്രഗിള്‍സ്, ജയിലിലെ ഓര്‍മകള്‍, എന്റെ ചൈനാ ഡയറി, മാര്‍ക്സിസം ഒരു മുഖവുര, അമേരിക്കന്‍ ഡയറി, സാഹിത്യവും സംസ്കാരവും വിപ്ലവാചാര്യന്മാര്‍
തുടങ്ങിയവയാണ് മുഖ്യകൃതികള്‍.